ക്ഷേത്ര വിവരം
വാക്കയിൽ ശ്രീ ധർമ ശാസ്താ ക്ഷേത്രം കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിനടുത്തുള്ള ഇടവട്ടം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ സർവ്വാഭീഷ്ട വരപ്രദനും അന്നദാന പ്രഭുവുമായ ശ്രീ ധർമ ശാസ്താവാണ് മുഖ്യ പ്രതിഷ്ഠ. ഉപദേവതകളായി ഗണപതിയും ശിവനും ഭദ്രകാളിയും നാഗ ദൈവങ്ങളും.
ഈ ക്ഷേത്രം മനയത്താറ്റ് മനയുടെ തന്ത്രത്തിൽ ആണ് ഉള്ളത്. മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരി ആണ് ഇപ്പോഴത്തെ മുഖ്യ തന്ത്രി. പുല്ല്യാറ്റ് മന പ്രമോദ് നമ്പൂതിരി ആണ് മേൽശാന്തി.
എല്ലാ വർഷവും മകരത്തിലെ ഉത്രം നാൾ ആറാട്ടായി വരുന്ന രീതിയിൽ 6 ദിവസത്തെ ഉത്സവം ആണ് ഇവിടുത്തെ പ്രധാന ആഘോഷം. കൂടാതെ കർക്കിടക മാസത്തിലെ ഭാഗവത സപ്‌താഹം, വൃശ്ചികം 1 തുടങ്ങി 41 ദിവസത്തെ മണ്ഡല മകരവിളക്ക് വിശേഷാൽ ദീപാരാധന, കളമെഴുത്തും പാട്ടു തുടങ്ങിയവ മറ്റു പ്രധാന ആഘോഷങ്ങൾ ആണ്. എല്ലാ മാസവും ഉത്രത്തിനു ഭക്ത ജനങ്ങൾക്കു പ്രസാദമൂട്ടും നടന്നു വരുന്നു.
പ്രധാന വഴിപാടുകൾ
പന്തിരുനാഴി അട
പന്തിരുനാഴി അട ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ഒരു പന്തിരുനാഴി (80 വലിയ അട), അര പന്തിരുനാഴി (40 അട), കാൽ പന്തിരുനാഴി (20 അട) എന്ന കണക്കിൽ ഈ വഴിപാട് ലഭ്യമാണ്. വൈകുന്നേരം അത്താഴ പൂജയ്ക്കാണ് ഈ നിവേദ്യം കഴിക്കുന്നത്.
ശനിയാഴ്ച അട
പേര് പോലെ തന്നെ എല്ലാ ശനിയാഴ്ചയും ആണ് ഇത് കഴിക്കുന്നത്.
ഉത്രം ഊട്ട്
പേര് പോലെ തന്നെ എല്ലാ മാസവും ഉത്രം നക്ഷത്രത്തിന് ഈ വഴിപാട് കഴിക്കുന്നു. ദേവന് പഴ പ്രഥമൻ വരെയുള്ള സദ്യയും ഭക്തജനങ്ങൾക്ക് അന്നദാനവും നടത്തി വരുന്നു.
മുഴുക്കാപ്പ്
ചന്ദനം ചാർത്ത് എന്നും ചില അമ്പലങ്ങളിൽ വിളിക്കുന്നതാണ് ഈ വഴിപാട്. ദേവന്റെ ബിംബത്തെ കളഭം കൊണ്ട് അലങ്കരിക്കുന്നു.
കളഭം
ഭക്തജനങ്ങൾ ഉദ്ദിഷ്ട കാര്യത്തിന് കളഭം വഴിപാട് കഴിക്കാറുണ്ട്. മന്ത്ര ജപത്താൽ പൂജിക്കുന്ന കളഭം പഞ്ച വാദ്യത്തോടെ എഴുന്നള്ളിച്ച് ദേവന് അഭിഷേകം ചെയ്യുന്നു.
ക്ഷേത്ര വാസ്തു
ക്ഷേത്രത്തിന്റെ വാസ്തുവിൽ ചില പ്രത്യേകതകൾ ഉണ്ട്. ഗോപുരവും അതിനോട് യോജിപ്പിച്ചിട്ടുള്ള ആനപ്പന്തലും ക്ഷേത്രത്തിന്റെ പ്രത്യേകത ആണ്. അതുപോലെ ക്ഷേത്രത്തിന്റെ മതിൽക്കു ഉള്ളിൽ ഏതാണ്ട് ഭൂരിഭാഗവും കരിങ്കല്ല് പാകിയിട്ടുണ്ട്. പൂർണമായും കരിങ്കല്ലിൽ നിർമിച്ച ശ്രീകോവിൽ ആണ് ഇവിടെ ഉള്ളത്.
രണ്ടു പഞ്ചവർഗത്തറയോട് കൂടിയ ശ്രീകോവിൽ ആണ് മറ്റൊരു പ്രത്യേകത. രണ്ടു പഞ്ചവർഗത്തറയോട് കൂടിയ നിർമിതി കണ്ടിട്ട് ഇതു പണിതത് പണ്ടു ബ്രഹ്മമംഗലത്തു ഉണ്ടായിരുന്ന വൈക്കത്തു ശേരി കുടുംബക്കാർ ആണെന്ന് ക്ഷേത്രത്തിലെ തന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേപോലെ ക്ഷേത്രത്തിനു ഒരു ഇടക്കാലത്തു ഒരു കോൽ പൊക്കം കൂട്ടിയതായും അനുമാനിക്കുന്നു. ക്ഷേത്രത്തിനകത്തെ തൂണുകൾക്കു കാണുന്ന ഒരു കോൽ നീളത്തിൽ ഉള്ള കൂടിച്ചേർക്കലുകൾ ഇതിനുള്ള തെളിവാണ്. ക്ഷേത്രത്തിന്റെ മതിൽക്കു അകത്തു ഒരു ഊട്ടുപുരയും ഉണ്ട്.
ക്ഷേത്രത്തിനു പുറത്തായി ഒരു പഴയ കൊട്ടാരം ഉണ്ട്. ആദ്യമായി വാക്കയിൽ കുടുംബം വന്നപ്പോൾ ഈ കൊട്ടാരത്തിൽ ആണ് താമസിച്ചത് എന്നു പറയപ്പെടുന്നു. അന്നു കൊട്ടാരത്തിന്റെ അറയിൽ പൂജിച്ചിരുന്ന ധർമ ശാസ്താവിനെ പിന്നീട് അമ്പലം പണിതു പ്രതിഷ്ഠിക്കുക ആയിരുന്നത്രേ.
ചരിത്രം
നൂറ്റാണ്ടുകൾക്കു മുമ്പ് വടക്കു ദേശത്തു നിന്നും കുടിയേറി പാർത്ത വാക്കയിൽ കൈമൾ മാർ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. ഇപ്പോഴും വാക്കയിൽ കുടുംബത്തിന്റെ ഉടമസ്ഥതയിൽ നില നിന്ന് പോരുന്നു.
വാക്കയിൽ കൈമൾ മാരുടെ ഒരു ശാഖ തൃപ്രയാറിൽ നിന്നും അന്നത്തെ വടക്കുംകൂർ രാജ്യത്തേക്ക് കുടിയേറിയതാണെന്ന് അനുമാനിക്കുന്നു. (തൃപ്രയാറുമായി ബന്ധപ്പെട്ട ഐതിഹ്യം ഈ ഘട്ടത്തിൽ സ്മരണീയമാണ്.) അതിന്റെ ഭാഗമായി വൈക്കം, തലയാഴം, വെച്ചൂർ, തോട്ടകം, തലയോലപ്പറമ്പ്, മറവന്തുരുത്ത്, വടയാർ, നടുവിലെ മുറി, ഓണംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിൽ കരമൊഴിവായി ഭൂമി പതിച്ചു നൽകുകയും ചെയ്തു.
മാർത്താണ്ഡവർമ്മ മഹാരാജാവ് AD 1750-ൽ വടക്കുംകൂറിനെ ആക്രമിച്ച് കീഴടക്കിയ ശേഷം വടക്കുംകൂർ തിരുവിതാംകൂറിൽ ലയിച്ചു. എന്നിരുന്നാലും വാക്കയിൽ കുടുംബത്തിനുള്ള അവകാശാധികാരങ്ങളൊക്കെ അതിനു ശേഷവും തുടർന്നു പോന്നു. ഇടവട്ടത്തു വാക്കയിൽ ശ്രീ ധർമ ശാസ്താ ക്ഷേത്രവും, വൈക്കത്തിനടുത്തു തോട്ടകത്തു വല്യാറമ്പത്ത് കുപ്പേടിക്കാവ് ക്ഷേത്രവും സ്ഥാപിച്ചു.
AD 1930 കാലത്ത് കുടുംബ ഭാഗം നടത്തി കുടുംബ സ്വത്തുക്കളെ പലതായി ഭാഗിച്ചു. അക്കൂട്ടത്തിൽ ഓരോ ക്ഷേത്രങ്ങൾക്കും പ്രത്യേക വസ്തു വകകൾ മാറ്റിവച്ചു. അതേപോലെ അന്നത്തെ അവിഭക്ത കുടുംബത്തെ രണ്ടു ശാഖകളായി വിഭജിച്ച് ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം ഓരോ ശാഖയ്ക്കും ആയി ഭാഗം ചെയ്തു.